Home Blog

ആന്റിബയോട്ടിക്കുകള്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം മതി, സ്ഥിരീകരിക്കാതെ നല്‍കുമ്പോള്‍ ജാഗ്രത വേണമന്നു ഐ.സി.എം.ആര്‍. മാര്‍ഗരേഖ

ന്യൂഡല്‍ഹി | അണുബാധ സംബന്ധിച്ച വ്യക്തത വരുത്തുന്നതിനു മുന്നേ, അനുമാനത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമേ ആന്റിബയോട്ടിക്കുകള്‍ നല്‍കാവുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.

ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങളുള്‍ക്കൊള്ളിച്ച് ഐ.സി.എം.ആര്‍ മാര്‍ഗരേഖ പുറത്തിറക്കി. അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോള്‍ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതായി അടുത്തിടെ വ്യക്തമായിരുന്നു. ഐസിയു രോഗികള്‍ക്കു നല്‍കുന്ന ആന്റിബയോട്ടിക്കായ കാര്‍ബപെനം വലിയൊരു വിഭാഗത്തിനു നിലവില്‍ പ്രയോജനം ചെയ്യുന്നില്ലെന്ന ഐ.സി.എം.ആറിന്റെ പഠനം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരുമായ രോഗികള്‍ക്ക്, ഗുരുതര അണുബാധ, ന്യുമോണിയ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നേരിട്ട് ആന്റിബയോട്ടിക്ക് നല്‍കാമെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അപ്പോഴും സ്രവ പരിശോധനയ്ക്കും മറ്റും നടപടി സ്വീകരിക്കണം. ചെറിയ പനി, വൈറല്‍ ബാധ മൂലമുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍, അണുബാധ മൂലമല്ലാത്ത ശ്വാസകോശ രോഗങ്ങളില്‍, തൊലിപ്പുറത്തെ ചെറിയ അണുബാധ, മൂത്രം പോകാന്‍ ട്യൂബിട്ടിരിക്കുന്നവരിലെ നേരിയ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്ക് വേണ്ടെന്നാണ് നിര്‍ദേശം.

മാര്‍ഗനിര്‍ദേശത്തിന്റെ പുര്‍ണ്ണരൂപം

ഫ്രാന്‍സിനു പിന്നാലെ ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു, ലീഗ് മത്സരങ്ങളില്‍ തീ പാറുന്നു

ദോഹ | ബ്രസീലും പോര്‍ച്ചുഗലും ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്കു ജയിച്ചു കയറി. ലീഗ് മത്സരങ്ങള്‍ ആവേശക്കരമായ അന്ത്യത്തിലേക്കു നീങ്ങുമ്പോള്‍ പ്രീക്വാര്‍ട്ടറിലെ 16ന്റെ ചിത്രം വ്യക്തമായി തുടങ്ങി.

തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് (1-0) ബ്രസീല്‍ അവസാന പതിനാറിലെത്തുന്ന രണ്ടാം ടീമായത്. യുറഗ്വായന്‍ വെല്ലുവിളികള്‍ മറികടന്നതോടെ, എച്ച് ഗ്രൂപ്പില്‍ നിന്നു പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. കാസെമിറോ (83) ബ്രസീലിന്റെ വിജയഗോള്‍ നേടിയപ്പോള്‍ പോര്‍ച്ചുഗലിന്റെ ഗോളുകള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ (54, 90+3) വകയായിരുന്നു. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്കുശേഷം മാത്രമേ പ്രീ ക്വാര്‍ട്ടറിലേക്കു കടക്കുന്ന എച്ച് ഗ്രൂപ്പിലെ രണ്ടാമനെ അറിയാനാകൂ.

ഗ്രൂപ്പ് ഡിയിലെ രണ്ടാം വിജയത്തോടെ ഫ്രാന്‍സ് നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയെ 3-2നു അട്ടിമറിച്ചു.

അടുത്ത വര്‍ഷം മുതല്‍ നാലു വര്‍ഷം ബിരുദ്ധ കോഴ്‌സുകള്‍, നടപടികള്‍ തുടങ്ങിയെന്ന് മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം | പരിഷ്‌കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള നാലു വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കും. ഗവേഷണത്തിനു മുന്‍തൂക്കം നല്‍കുന്നതാണ് കോഴ്സിന്റെ ഘടന. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാന്‍ നാല് വര്‍ഷ ബിരുദകോഴ്സിലൂടെ അവസരമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.

കോഴ്‌സിന്റെ നാലാം വര്‍ഷം ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്റ്റും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനം സാധ്യമാകും. മാത്രമല്ല, ഇവര്‍ക്ക് പി.ജി രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും നല്‍കും. നാല് വര്‍ഷ കോഴ്സുകള്‍ക്ക് ഓണേഴ്സ് ഡിഗ്രിയാണ് നല്‍കുക. മൂന്ന് വര്‍ഷത്തിന് ശേഷം കോഴ്സ് അവസാനിപ്പിക്കുന്നവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കും.

രാജ്യത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും അടുത്ത അധ്യയനവര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് യു.ജി.സി ചെയര്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വര്‍ഷ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കുന്നത്. 45 കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവര്‍ ഇതിനോടകം താത്പര്യം അറിയിച്ചതായി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

Kerala to begin four year degree courses next year

സില്‍വൈര്‍ ലൈനുമായി മുന്നേട്ടെന്ന് പറയുമ്പോഴും നടപടികള്‍ സ്തംഭിച്ചു, ജീവനക്കാരെ തിരികെ വിളിച്ചുള്ള ഉത്തരവും ഇറക്കി

തിരുവനന്തപുരം | സില്‍വര്‍ലൈന്‍ പദ്ധതിയുടെ പ്രാരംഭ ജോലികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് തിരികെ വിളിക്കുന്നു. 205 ഉദ്യോഗസ്ഥരെ മടക്കി വിളിച്ചുകൊണ്ടുള്ള അറിയിപ്പ് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കും 11 ജില്ലാ കലക്ടര്‍മാര്‍ക്കും കെ റെയിലിനും കൈമാറി.

ആഘാത പഠനം അടക്കമുള്ള നടപടികള്‍ക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതി പദ്ധതിക്കു ലഭിച്ചശേഷം മാത്രമേ വിജ്ഞാപനം ഇറക്കൂവെന്നും ഡോ. എ. ജയതിലകിന്റെ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ആറു മാസമായി പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി ജീവനക്കാതെ തിരികെ വിളിക്കുന്നത്.

കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിപാടാണ് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ഓഫീസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍, പദ്ധതിയില്‍ അനിശ്ചിതത്വം ഉണ്ടായപ്പോള്‍ വായ്പ എടുക്കാനുള്ള നടപടികളില്‍ നിന്നും സില്‍വര്‍ലൈന്‍ അധികൃതര്‍ പിന്‍മാറിയിട്ടുണ്ട്. 63,941 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി പ്രതീക്ഷിക്കുന്നത്.

എണ്ണായിരത്തോളം സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ കെട്ടികിടക്കുന്നു, 21 പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കണം… പോരു രൂക്ഷം, ഉടനെ ഒന്നും നടക്കില്ല

തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നിയോഗിച്ച വി.സിയും സി.പി.എം സര്‍ക്കാര്‍ അനുകൂലികളും തമ്മിലുള്ള പോരു രൂക്ഷമായതോടെ ത്രിശങ്കുവിലായി വിദ്യാര്‍ത്ഥികള്‍.

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയും പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാതേയുമുള്ള സ്ഥിതി ഉടലെടുത്തതോടെ സംസ്ഥാനത്തിനു പുറത്തും വിദേശത്തും ലഭിച്ച ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷാ കണ്‍ട്രോളര്‍ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എംസിഎ പരീക്ഷാഫലങ്ങള്‍ വിസി യുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പിവിസിയുടെ ഓഫീസില്‍ ഫയലുകള്‍ വിശ്രമിക്കുകയാണ്.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിസി ഒഴിഞ്ഞെങ്കിലും പിവിസി തന്റേത് രാഷ്ട്രീയ നിയമനമാണെന്ന നിലപാടില്‍ ഓഫീസില്‍ തുടരുകയാണ്. 8000 ത്തോളം ഡിഗ്രി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ് വിസിയുടെ ഒപ്പിന് സമര്‍പ്പിക്കാതെ മാറ്റിവെച്ചിരിക്കുന്നത്. മൂല്യനിര്‍ണ്ണയം കഴിഞ്ഞ 21 വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വിസിയുടെ അംഗീകാരത്തിന് പിവിസി സമര്‍പ്പിച്ചിട്ടില്ല.

തങ്ങള്‍ക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സറായി നിയമിച്ചതാണ് സിന്‍ഡിക്കേറ്റിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ വിസി സ്ഥാനം ഏറ്റെടുക്കുവാന്‍ വിമുഖത പ്രകടിപ്പിച്ചതുകൊണ്ടാണ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ക്ക് വിസി യുടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്. ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സര്‍വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസിക്ക് ഫയലുകള്‍ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.

വിസിയെ നിയമിച്ച നടപടികള്‍ക്കെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ എതിര്‍കക്ഷിയാക്കിയാക്കി സര്‍ക്കാര്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വിസിക്ക് ഫയലുകള്‍ കൈമാറരുതെന്നാണ് സിന്‍ഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.സര്‍വ്വകലാശാലയില്‍ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക ഭരണ രംഗത്തെ മികവും പരിശോധിച്ചാണ് ഗവര്‍ണര്‍, സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്‍ ഡയറക്ടര്‍ ഡോ സിസാ തോമസിന് വിസി യുടെ താല്‍ക്കാലിക ചുമതല നല്‍കിയത്.

സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവര്‍ ചട്ട പ്രകാരം വിസി പദവിയ്ക്ക് അര്‍ഹരല്ലെന്നും, പിവിസി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വിസിയുടെ അധിക ചുമതല നല്‍കിയത്. എന്നാല്‍ നിലവില്‍ സര്‍വ്വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു തടസ്സവുമില്ലെന്നും സര്‍വകലാശാലയുടെ പ്രവര്‍ത്തനം കാര്യക്ഷമാണെന്നും രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം സര്‍വ്വകലാശാല അഭിഭാഷകന്‍ ഗവര്‍ക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ഭാവി രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ തകര്‍ക്കരുതെനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.